Sunday 25 March 2012

നിയമജ്ഞരും നിയമപാലകരും വഴിതെറ്റിയാല്‍.....


നിയമജ്ഞരും നിയമപാലകരും കക്ഷിരാഷ്ട്രീയക്കാരാകുമ്പോള്‍..... 
അവര്‍ക്ക് വഴിതെറ്റിയാല്‍.....

നിയമപാലകരെപ്പോലെ തന്നെ നിയമജ്ഞരും രാഷ്ട്രീയത്തിന്റെ കൂട്ടില്‍ ആയതോടെയാണ് സാധാരണക്കാര്‍ക്ക് സാമാന്യനീതി  നഷ്ടമായത് എന്ന് പറയേണ്ടി വരും.  കലാലയങ്ങളിലെ അതിരുവിട്ട കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളാണ്, മനുഷ്യന്‍ സാമൂഹ്യജീവിയാണ് എന്നതില്‍ നിന്ന്, മനുഷ്യന്‍ കക്ഷിരാഷ്ട്രീയ ജീവിയാണ് എന്നൊരു വൈരുദ്ധ്യാത്മക സാമാന്യവല്‍ക്കരണം സാധാരണക്കാരില്‍ രൂഡമൂലമാകാന്‍ പ്രധാന കാരണം. 


നിയമം പോലെയുള്ളവ പഠിപ്പിക്കുന്ന സര്‍വ്വകലാശാലയില്‍ നിന്നും ഈ വക ചേരിതിരിവുകള്‍ എടുത്തു മാറ്റേണ്ടതാണ്. നിയമപാലകരും നിയമജ്ഞരും അവരുടെ കക്ഷി രാഷ്ട്രീയ ചായ്‌വ്  നിയമം നടപ്പാക്കുന്നതില്‍ ഇക്കഴിഞ്ഞ കുറേകാലമായി പരക്കെ ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്‌ ഇത്തരത്തില്‍ കുത്തഴിഞ്ഞ സര്‍വ്വകലാശാലാരീതികളാണെന്ന് നിസ്സംശയം പറയാം.  പണ്ടു പഴമക്കാര് പറഞ്ഞ "കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" ഇന്ന്, കൈയ്യൂക്കും കക്ഷിരാഷ്ട്രീയക്കരുത്തും ഉള്ളവന്‍ കാര്യക്കാരന്‍" എന്നായി മാറിയിരിക്കുന്നു.


പഴയകാലത്തെ കക്ഷി രാഷ്ട്രീയ നേതാക്കള്‍ നിയമസര്‍വ്വകലാശാലകളില്‍ പോയിരുന്നത് രാജ്യനീതി നടപ്പാക്കളില്‍ നിയമ പഠനം അവരെ സഹായിക്കുന്നതിനാണ്.  എന്നാല്‍ ഇന്ന് അവര്‍ക്ക് അവരുടെ കക്ഷിയുടെയും അനുയായികളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യനീതിയെ വളച്ചൊടിക്കാന്‍ വേണ്ടിയാണ് എന്നത് തികച്ചും വസ്തുതാപരമായി സമര്‍ത്ഥിക്കാന്‍  വളരെ എളുപ്പം കഴിയും.


നിയമജ്ഞര്‍ക്ക്  പുറമേ, നിയമപാലകരും അവരുടെ സംഘടനകള്‍ രാഷ്ട്രീയവല്‍ക്കരിച്ചപ്പോള്‍ നഷ്ടമായത് സാമാന്യ രാജ്യനീതിയുടെ പവിത്രതയാണ്, അതിന്റെ സുതാര്യതയാണ്.  നിഷ്പക്ഷം എന്നൊരു വിഭാഗം ഇല്ലാതാകുന്നു. ഏതെങ്കിലും ഒരു കക്ഷിയുടെ പിന്തുണയില്ലെങ്കില്‍  സാമാന്യ ജീവിതം ദുസ്സഹമാകുന്ന അവസ്ഥയിലേയ്ക്ക്  സാധാരണക്കാരനെ നിര്‍ബന്ധപൂര്‍വ്വം തള്ളിവിടുകയാണ്. രാഷ്ട്രത്തെ സംബന്ധിച്ച എന്നര്‍ത്ഥമുള്ള രാഷ്ട്രീയം എല്ലാ കക്ഷികള്‍ക്കും അമ്പേ കൈമോശം വന്നിരിക്കുന്നു.


നിസ്വാര്‍ത്ഥ സേവനം എന്നൊന്ന് വെറും കേട്ടുകേഴ്വി മാത്രമായി മാറിപ്പോയിരിക്കുന്നു. എല്ലാം വെറും കൊടുക്കല്‍ വാങ്ങലുകള്‍ മാത്രം.  സ്നേഹം, നന്ദി, കടപ്പാട്, സേവനം എന്നൊക്കെയുള്ളവാക്കുകള്‍ വെറും ആശംസകള്‍ക്കുള്ള ഔപചാരികതയില്‍ ഒതുങ്ങി മുരടിച്ചു പോയിരിക്കുന്നു. നേരും നെറിയും എന്നൊക്കെ കേട്ടാല്‍ പുച്ഛത്തോടെ  ജീവിക്കാനറിയാത്തവന്‍ എന്ന്  പരിഹസിയ്ക്കുന്ന യുവത്വം ആണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്.

ഉണരുക നാടേ, മനസ്സാക്ഷി വിലപ്പനയ്ക്ക് വെയ്ക്കാത്ത മാനവഹൃദയങ്ങളേ, , അശാന്തിയുടെ  നാളുകള്‍ക്കു നമ്മുടെ സംസ്കൃതിയെ വിട്ടുകൊടുക്കാതെ, ജാതിയുടെയും മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും കറുത്ത പകലുകളില്‍  നിന്ന് രക്ഷിക്കാന്‍ ഒരുമിക്കുക.



മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും  ആള്‍ ദൈവങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മനുഷ്യനെ വിടുവിക്കാന്‍ ഒന്നായി നമുക്ക് ചരിക്കാം.... ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിമാറാതെ നമ്മുടെ പൂര്‍വ്വികര്‍ സമ്മാനിച്ചു പോയ നന്മകളെ ഭാവിതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ വൈകാതിരിക്കട്ടെ.

4 comments:

  1. ഒര്മാപ്പെടുത്തലിനു നന്ദി ജേക്കബ്‌

    ReplyDelete
    Replies
    1. ജോന്സണ്‍, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  2. ഉണരുക നാടേ, മനസ്സാക്ഷി വിലപ്പനയ്ക്ക് വെയ്ക്കാത്ത
    മാനവഹൃദയങ്ങളേ, , അശാന്തിയുടെ നാളുകള്‍ക്കു നമ്മുടെ സംസ്കൃതിയെ
    വിട്ടുകൊടുക്കാതെ, ജാതിയുടെയും മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും
    കറുത്ത പകലുകളില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിക്കുക.

    ReplyDelete
    Replies
    1. അറിഞ്ഞതിൽ പാതി പറയാതെ പോയി....

      Delete