Sunday 25 March 2012

നിയമജ്ഞരും നിയമപാലകരും വഴിതെറ്റിയാല്‍.....


നിയമജ്ഞരും നിയമപാലകരും കക്ഷിരാഷ്ട്രീയക്കാരാകുമ്പോള്‍..... 
അവര്‍ക്ക് വഴിതെറ്റിയാല്‍.....

നിയമപാലകരെപ്പോലെ തന്നെ നിയമജ്ഞരും രാഷ്ട്രീയത്തിന്റെ കൂട്ടില്‍ ആയതോടെയാണ് സാധാരണക്കാര്‍ക്ക് സാമാന്യനീതി  നഷ്ടമായത് എന്ന് പറയേണ്ടി വരും.  കലാലയങ്ങളിലെ അതിരുവിട്ട കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളാണ്, മനുഷ്യന്‍ സാമൂഹ്യജീവിയാണ് എന്നതില്‍ നിന്ന്, മനുഷ്യന്‍ കക്ഷിരാഷ്ട്രീയ ജീവിയാണ് എന്നൊരു വൈരുദ്ധ്യാത്മക സാമാന്യവല്‍ക്കരണം സാധാരണക്കാരില്‍ രൂഡമൂലമാകാന്‍ പ്രധാന കാരണം. 


നിയമം പോലെയുള്ളവ പഠിപ്പിക്കുന്ന സര്‍വ്വകലാശാലയില്‍ നിന്നും ഈ വക ചേരിതിരിവുകള്‍ എടുത്തു മാറ്റേണ്ടതാണ്. നിയമപാലകരും നിയമജ്ഞരും അവരുടെ കക്ഷി രാഷ്ട്രീയ ചായ്‌വ്  നിയമം നടപ്പാക്കുന്നതില്‍ ഇക്കഴിഞ്ഞ കുറേകാലമായി പരക്കെ ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്‌ ഇത്തരത്തില്‍ കുത്തഴിഞ്ഞ സര്‍വ്വകലാശാലാരീതികളാണെന്ന് നിസ്സംശയം പറയാം.  പണ്ടു പഴമക്കാര് പറഞ്ഞ "കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" ഇന്ന്, കൈയ്യൂക്കും കക്ഷിരാഷ്ട്രീയക്കരുത്തും ഉള്ളവന്‍ കാര്യക്കാരന്‍" എന്നായി മാറിയിരിക്കുന്നു.


പഴയകാലത്തെ കക്ഷി രാഷ്ട്രീയ നേതാക്കള്‍ നിയമസര്‍വ്വകലാശാലകളില്‍ പോയിരുന്നത് രാജ്യനീതി നടപ്പാക്കളില്‍ നിയമ പഠനം അവരെ സഹായിക്കുന്നതിനാണ്.  എന്നാല്‍ ഇന്ന് അവര്‍ക്ക് അവരുടെ കക്ഷിയുടെയും അനുയായികളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യനീതിയെ വളച്ചൊടിക്കാന്‍ വേണ്ടിയാണ് എന്നത് തികച്ചും വസ്തുതാപരമായി സമര്‍ത്ഥിക്കാന്‍  വളരെ എളുപ്പം കഴിയും.


നിയമജ്ഞര്‍ക്ക്  പുറമേ, നിയമപാലകരും അവരുടെ സംഘടനകള്‍ രാഷ്ട്രീയവല്‍ക്കരിച്ചപ്പോള്‍ നഷ്ടമായത് സാമാന്യ രാജ്യനീതിയുടെ പവിത്രതയാണ്, അതിന്റെ സുതാര്യതയാണ്.  നിഷ്പക്ഷം എന്നൊരു വിഭാഗം ഇല്ലാതാകുന്നു. ഏതെങ്കിലും ഒരു കക്ഷിയുടെ പിന്തുണയില്ലെങ്കില്‍  സാമാന്യ ജീവിതം ദുസ്സഹമാകുന്ന അവസ്ഥയിലേയ്ക്ക്  സാധാരണക്കാരനെ നിര്‍ബന്ധപൂര്‍വ്വം തള്ളിവിടുകയാണ്. രാഷ്ട്രത്തെ സംബന്ധിച്ച എന്നര്‍ത്ഥമുള്ള രാഷ്ട്രീയം എല്ലാ കക്ഷികള്‍ക്കും അമ്പേ കൈമോശം വന്നിരിക്കുന്നു.


നിസ്വാര്‍ത്ഥ സേവനം എന്നൊന്ന് വെറും കേട്ടുകേഴ്വി മാത്രമായി മാറിപ്പോയിരിക്കുന്നു. എല്ലാം വെറും കൊടുക്കല്‍ വാങ്ങലുകള്‍ മാത്രം.  സ്നേഹം, നന്ദി, കടപ്പാട്, സേവനം എന്നൊക്കെയുള്ളവാക്കുകള്‍ വെറും ആശംസകള്‍ക്കുള്ള ഔപചാരികതയില്‍ ഒതുങ്ങി മുരടിച്ചു പോയിരിക്കുന്നു. നേരും നെറിയും എന്നൊക്കെ കേട്ടാല്‍ പുച്ഛത്തോടെ  ജീവിക്കാനറിയാത്തവന്‍ എന്ന്  പരിഹസിയ്ക്കുന്ന യുവത്വം ആണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്.

ഉണരുക നാടേ, മനസ്സാക്ഷി വിലപ്പനയ്ക്ക് വെയ്ക്കാത്ത മാനവഹൃദയങ്ങളേ, , അശാന്തിയുടെ  നാളുകള്‍ക്കു നമ്മുടെ സംസ്കൃതിയെ വിട്ടുകൊടുക്കാതെ, ജാതിയുടെയും മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും കറുത്ത പകലുകളില്‍  നിന്ന് രക്ഷിക്കാന്‍ ഒരുമിക്കുക.



മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും  ആള്‍ ദൈവങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മനുഷ്യനെ വിടുവിക്കാന്‍ ഒന്നായി നമുക്ക് ചരിക്കാം.... ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിമാറാതെ നമ്മുടെ പൂര്‍വ്വികര്‍ സമ്മാനിച്ചു പോയ നന്മകളെ ഭാവിതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ വൈകാതിരിക്കട്ടെ.

Friday 23 March 2012

പി. സി .ജോര്ജ്ജിന്റെ ജാതിപ്പേര് വിവാദവും എ .കെ. ബാലന്റെ കാലഹരണപ്പെട്ട സംവരണത്തിന്റെ മന:ശാസ്ത്രവും......



പി. സി. ജോര്‍ജ്ജ് പറഞ്ഞ പട്ടികജാതിക്കാരന്‍ പ്രയോഗത്തെത്തുടര്‍ന്നു  . കെ. ബാലന്‍ കേസ് കൊടുക്കുന്നു, കേരളത്തിലെ മാധ്യമ സമൂഹം ആകെ അതിന്റെ പിന്നാലെ അടുത്ത വിവാദവും തപ്പി നടക്കുന്നു.

എല്ലാം കൂടെ കാണുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ജഗപൊകയുമൊന്നുമില്ലാത്ത സാധാരണക്കാര്‍ ഇങ്ങനെയൊക്കെ ചിലത് അറിയാതെ ചിന്തിച്ചു പോയാല്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?  പി. സി. ജോര്‍ജ്ജ് പറഞ്ഞത് ഒട്ടുമേ ശരിയല്ല എന്ന് തന്നെയാണ് ലേഖകന്റെ അഭിപ്രായം. പക്ഷെ ആ പറഞ്ഞതിന്റെ ശരിയും തെറ്റുമല്ല, അതിന്റെ പിന്നാലെ വന്ന കണ്ണടച്ചിരുട്ടാക്കലാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. 

സത്യമേവ ജയതേ.

ഓരോരുത്തരും അര്‍ഹതയില്ലാത്ത ഔദാര്യങ്ങള്‍ വേണമോ എന്ന് ചിന്തിയ്ക്കണം. ഔദാര്യങ്ങള്‍ക്കുവേണ്ടി ജാതിവ്യത്യാസം അഥവാ വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസം സ്വയം പറഞ്ഞുനടക്കുന്നതു തെറ്റല്ലേ എന്ന് ചിന്തിയ്ക്കണം. മനുഷ്യന്‍ എന്ന ഒരു ജീവിയെക്കുറിച്ചല്ല, ജാതിയുടെയും മതത്തിന്റെയും, തൊലിയുടെ നിറത്തിന്റെയും ഒക്കെ വ്യതാസങ്ങളുടെ അളവുകോലില്‍ മുടിനാരുകീറി വിഭാഗീയതയുണ്ടാക്കുന്നതും പോരാഞ്ഞു ഇന്ന് അതിലും മേലെ, രാഷ്ട്രീയപ്പാര്ട്ടികളുടെ കൊടിയുടെ നിറവും വീതം വെച്ചെടുക്കുകയാണ് ഭാരതീയനെ!  

സംവരണം -ഒരു പൊതുവായ സംശയം.....

ഈ പറയപ്പെട്ട ജാതിവ്യവസ്ഥയെ ഒഴിവാക്കാനായി അറുപതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭാരതത്തില്‍ സംവരണം എന്നൊരു സംഭവം കൊണ്ടുവന്നു. പ്രഖ്യാപിത ജനത്തെ ഗാന്ധിജി ലോകത്തില്‍ സമത്വം പുലരാന്‍ ഹരിജനം എന്നൊന്നു സ്വാതന്ത്ര്യാനന്തരം അവതരിപ്പിച്ചു. എന്നാല്‍ ഇന്ന്, ചിലരൊക്കെ അതിന്റെ ഗുണഫലം അനുഭവിയ്ക്കാന്‍ പുലയനും, പറയനും,  മണ്ണാനും, വേലനും, എന്നു വേണ്ട എന്തൊക്കെ വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങള്‍ നൂലിഴ ചികഞ്ഞു കൊണ്ടു വരാമോ അതൊക്കെ കൊണ്ടു വരുന്നതും എല്ലാ സര്ക്കാര്‍ സംബന്ധിയായ കടലാസുകളിലും രേഖകളിലും, എന്തിന് സമ്മദിദായകന്റെ രേഖകളിലും നാമനിര്‍ദ്ദേശപത്രികകളില്‍പ്പോലും ആ ജാതിപ്പേരുകള്‍ യാതോരുളുപ്പും കൂടാതെ സ്വയം എഴുതുന്നതും എന്തേ മറന്നു പോകുന്നു? ഒരേകാര്യം തന്നെ, തന്റെ ഗുണത്തിനാവുമ്പോള്‍ കിരീടവും മറ്റാരെങ്കിലും പറഞ്ഞാല്‍ പരിഹാസപ്പേരും ആകുന്നതെങ്ങനെ? ഒപ്പം, മറ്റു ചിലര്‍ ബ്രാഹ്മണനും നായരും ക്രിസ്ത്യാനിയും മുസല്മാനും ഒക്കെ, ദോഷഫലങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയും അവരവരുടെ ജാതിപ്പേര് പറയുന്നതും ഓര്‍ക്കണം, ഓര്‍ത്തേ മതിയാവൂ....

കുഴിതോണ്ടലും  ശവംതോണ്ടലും..... ?

ലംപ്സം ഗ്രാന്റു കിട്ടാനും സംവരണത്തിന്റെ ആനുകൂല്യത്തില്‍ ജോലി നേടാനും മാത്രം ഈ പട്ടികകളെ ഉപയോഗിയ്ക്കുന്നുവെങ്കില്‍ അത് തെറ്റ് തന്നെയാണ്, ഒരു പുന:പരിശേധനയ്ക്ക് വിധേയമാക്കേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. സര്‍ക്കാര്‍ ഉദ്യോഗം കിട്ടാനും മറ്റാനുകൂല്യങ്ങള്‍ക്കും  ജാതിപ്പേരോ മറ്റെന്തൊക്കെത്തന്നെയാണെങ്കിലും കുഴപ്പമില്ല,  പുരസ്ക്രിയയുടെ തിലകക്കുറിയായി വെയ്ക്കാം, എവിടെ,  എങ്ങനെ വേണമെങ്കിലും പറയാം, അല്ലാതെ പറഞ്ഞാല്‍ പരിഹാസപ്പേര്,  അപമാനം എന്നുള്ള രീതി - ഈ സൗകര്യം- ചെയ്തു കൊടുക്കുന്ന ഭൂരിപക്ഷത്തോടും ഒപ്പം സാധാരണ സാമൂഹിക നീതിയോടുമുള്ള വഞ്ചനയാണ്. അത് തിരുത്തേണ്ടത് ഭാരതത്തിന്റെ  ആവശ്യമാണ്‌.  ജാതിപ്പേര് പറയാന്‍ ബുദ്ധിമുട്ടുന്നവര്‍ അതുപയോഗിയ്ക്കുന്നത് നിര്‍ത്തണം, നിര്‍വ്യാജം, ഗുണദോഷം നോക്കാതെ ഉപേക്ഷിയ്ക്കണം. അല്ലെങ്കില്‍ പുംശ്ച്വലിത്വം എന്ന് മാത്രമേ അതിനെ വിശേഷിപ്പിയ്ക്കാനാവൂ.... എന്ന് പറയേണ്ടിവരും.അതല്ലേ ശരിതാനൊരു ബ്രാഹ്മണനാനെങ്കില്‍, പുലയനാനെങ്കില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണെങ്കില്‍ അങ്ങനെ, അന്തസ്സോടെ, ബ്രാഹ്മണനനെന്നും പുലയനാനെന്നും തന്നെ പറയുകയാണ്‌, പറയിപ്പിയ്ക്കുകയാണ് ഈ സംവരണങ്ങള്‍ കൊണ്ടു സംഭവിയ്ക്കേണ്ടത്.

ബ്രഹ്മത്തെ- പരമാത്മാവിനെ- അറിയുന്ന, ജീവിതത്തിലെ ബ്രാഹ്മണനാകാനുള്ള, ബ്രഹ്മജ്ഞാനമുള്ള പരിശീലനം ആകണം അല്ലാതെ ജാതിയിലെ ബ്രാഹ്മണനാകാനുള്ള പരിശീലനമല്ല സംവരണം. നമ്മുടെ സമാനതകളില്ലാത്ത, അതിസുന്ദരമായ അദ്വിതീയമായ സംസ്കൃതിയെ ചോദ്യം ചെയ്യുന്ന തലതിരിരിഞ്ഞ രീതികള്‍ മാറണം.  പുലയനോ പറയനോ അല്ലെങ്കില്‍ വേറെന്തിങ്കിലുമോ ഒക്കെയോ ആകട്ടെ, ഏതെങ്കിലും പട്ടികജാതി-പട്ടികവര്ഗ്ഗം  എന്നൊരു പട്ടികയുണ്ടാക്കിയിട്ട്, അതില്‍പ്പെട്ടവനെ/അതില്‍പ്പെട്ടവളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരുന്നതിനെ തടയുന്നതാണ് തെറ്റ്.  രാജ്യത്തെ ഭൂരിപക്ഷം വരുന്ന മറ്റു വിഭാഗങ്ങളുടെ ഔദാര്യം പറ്റുകയാണ് എന്ന തോന്നല്‍ ഉണ്ടാകുന്നത് കൊണ്ടാണ് ഈ അപകര്‍ഷതാബോധം.  ഒരു അധ:കൃതനെ, ഈ പറയപ്പെട്ട പട്ടികകളില്‍പ്പെട്ട ഒരാളെ,  രാജ്യത്തിന്റെ പരമാധ്യക്ഷസ്ഥാനത്തും എന്തിന്, മറ്റൊരാളെ  പരമോന്നത നീതിപീഠത്തിന്റെ പോലും അധ്യക്ഷസ്ഥാനത്തിരുത്തിയ പാരമ്പര്യമുള്ള, കഴിവുള്ള എല്ലാവരെയും തുല്യതയോടെ കാണുന്ന ഭാരതത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ ഇനിയും ഇത്തരം വിലകുറഞ്ഞ, ബാലിശമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഭൂഷണമല്ല എന്ന് മാത്രമല്ല, അപമാനമാണ് താനും. 

രണ്ടു വിഷയങ്ങളാണ് ഈ ലേഖനം വഴി പ്രതിപാദിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്‌. ഒന്ന്, നേരത്തെ പറഞ്ഞത് പോലെ സംവരണവും അതിന്റെ അല്ലെങ്കില്‍ അതിന്റെ ഗുണഭോക്താക്കളുടെ പൊള്ളത്തരങ്ങളും.  രണ്ട്, മാധ്യമസംസ്കാരത്തിന്റെ നേരും നെറിയും കാണിയ്ക്കുന്ന പൊളിച്ചെഴുത്ത്.

പത്രധര്‍മ്മം - വാര്‍ത്താ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തം.... 

ഈ കാര്യമാണ് മാദ്ധ്യമ സമൂഹം മുഖവിലക്കെടുക്കേണ്ടത്‌. വിവാദങ്ങളിലൂടെയും അല്ലെങ്കില്‍ വിവാദങ്ങളുടെ പുകമറയിലൂടെയും മറ്റും  വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു പത്രത്തിന്റെ/ചാനലിന്റെ പ്രചാരണം കൂട്ടുന്ന ഈ പ്രവണത നിയമം മൂലം തന്നെ തടയേണ്ടിവരും.  പണത്തിനു വേണ്ടി പ്രശസ്തി, അത് സുപ്രസിദ്ധിയോ കുപ്രസിദ്ധിയോ ആയിക്കോട്ടെ, ഉണ്ടാക്കാന്‍ ഇന്ന് പത്രങ്ങളെയും ചാനലുകളേയും കുറെയേറെ ഉപയോഗിയ്ക്കുന്നുണ്ട്.  അത് ശരിയ്ക്കും സാമൂഹിക നീതിയോടുള്ള, യഥാര്‍ത്ഥ പത്രധര്‍മ്മത്തോടുള്ള വഞ്ചനയാണ്.  സാധാരണ ജനത്തോടുള്ള വെല്ലുവിളിയാണ്.  തെറ്റായ വാര്‍ത്തകളും തെറ്റിധാരണകളും പകയും വിദ്വേഷവും വളര്‍ത്തുന്നതുമായ വാര്‍ത്തകളും ലേഖനങ്ങളും ഒഴിവാക്കിത്തന്നെ മുന്നോട്ടു പോകേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.  ചലച്ചിത്രങ്ങല്‍ക്കുള്ളതുപോലെ  പരാമര്‍ശങ്ങളിലെയും വാര്‍ത്തകളിലെയും  ഉള്ളടക്കത്തിന് ഒരു നിയന്ത്രണം ആവശ്യമായിരിയ്ക്കുന്നു. മാദ്ധ്യമസ്വാതന്ത്ര്യം എന്നു മുറവിളികൂട്ടുന്നവര്‍, നിങ്ങളുടെ ഈ ദു:സ്വാതന്ത്ര്യം കൊണ്ടു ഹനിയ്ക്കപ്പെടുന്നത് സാധാരണ ജനത്തിന്റെ സമാധാനമായി ജീവിയ്ക്കാനുള്ള അവകാശമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്.  വാര്‍ത്തകളും ലേഖനങ്ങളും ജനോപകാരപ്രദമായി പ്രചരിയ്ക്കട്ടെ,  അല്ലാതെ ജനദ്രോഹത്തിനാവാതിരിയ്ക്കട്ടെ.

ജാതിയും മതവും രാഷ്ട്രീയവും ഒക്കെ വേര്‍തിരിവുകള്‍ ഉണ്ടാക്കാനല്ല, സാമൂഹിക നന്മാകള്‍ക്കാണെന്ന തിരിച്ചറിവ്,  ആ യാഥാര്‍ത്ഥ്യം തുടര്‍ച്ചയായി പകര്‍ന്നുകൊടുത്ത്‌ ഇന്നത്തെ യുവതലമുറയില്‍ കുത്തിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന വൈരാഗ്യത്തിന്റെ വിഷവിത്തുകളെ കടയോടെ പിഴുതെറിയാന്‍ പൊലിയാവിളക്കുകളായി സമാധാനത്തിന്റെയും സമത്വത്തിന്റെയും ഭഗിനീപതികളായ വാര്‍ത്താ മാദ്ധ്യമങ്ങള്‍ മുന്നോട്ടുവരട്ടെ, മിന്നാരമായി നിറഞ്ഞു കത്തി പ്രഭചൊരിയട്ടെ!

"ഭാരതമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍, കേരളമെന്നു കേട്ടാലോ,  അഭിമാനപൂരിതമാകണമന്തരംഗം......"
ലോകാ: സമസ്താ: സുഖിനോ ഭവന്തു:

മലയാളി ചെല്ലുന്നിടം പാതാളമാകുന്നതെങ്ങിനെ? യു.കെ. രാഷ്ട്രീയ മോഹങ്ങള്‍ സ്വാര്ത്ഥനതയോ?

 
മലയാളി ചെല്ലുന്നിടം പാതാളമാകുന്ന / പാതാളമാക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

ജനസേവനം എന്ന വ്യാജന്‍, ജോലിയ്ക്കെന്നും റിക്രൂട്ടുമെന്റെന്നും പഠനത്തിനെന്നും അല്ലാത്ത എന്തെല്ലാം ഊടുവഴികള്‍ കണ്ടെത്താമോ അങ്ങനെയെല്ലാം അര്‍ഹത (ഓരോരോ വ്യവസ്ഥകള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത് നന്മയുദ്ദേശിച്ചാണല്ലോ)  ഇല്ലാത്ത വഴികളിലൂടെ ആളുകളെ പ്രലോഭിപ്പിച്ചു സ്വന്തം കീശയിലേക്ക്‌ മാത്രം നോട്ടം വച്ച കുറെ ദല്ലാളുമാരാണ് ആദ്യം മലയാളിയുടെ യു കെ സമാധാനത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.  കുടിയേറ്റപ്പ്രശ്നം ശരിയ്ക്കും പ്രശ്നമായത്‌ എല്ലായിടത്തുനിന്നും (ഭാരതം മാത്രമല്ല) ഇങ്ങനെയുള്ള അനര്‍ഹരെ അനധികൃത മാര്ഗ്ഗങ്ങളിലൂടെ പ്രലോഭിപ്പിച്ചു കൊണ്ടു വന്നു എന്നുള്ളത് തന്നെയാണ്.  
മറ്റൊന്ന് മലയാളിയുടെ ഇരിയ്ക്കുന്ന കൊമ്പുവെട്ടുന്ന ദുഷിച്ച രാഷ്ട്രീയപ്രവണത.  എവിടെ ചെന്നാലും ആദ്യമാദ്യം എത്തുന്നവര്‍ കുറച്ചു കഷ്ടപ്പെട്ട്  കഠിനാധ്വാനികളും സത്യസന്ധരും എന്നൊക്കെയുള്ള നല്ലപേരും സമ്പാദിയ്ക്കും, അതുകണ്ടു പിന്നാലെ എത്തുന്ന ദുരമൂത്ത  ചതിയ്ന്മാരും വഞ്ചകരുമായ ശകുനികള്‍ നനഞ്ഞിടം കുഴിയ്ക്കുന്നതോടെ ശനിദശയും ആരംഭിയ്ക്കുന്നു.  സ്വന്തമായി ഉണ്ടായിരുന്ന അസ്ഥിത്വം അവനവന്റെ പൌരത്വം പോലും ഉളുപ്പില്ലാതെ വിറ്റുകാശാക്കിയിട്ടു   സായിപ്പിനടിയറ വച്ച മഹത്വവും പറഞ്ഞു നടക്കുന്ന പൊള്ളയായ രാജ്യസ്നേഹ പ്രമാണികളെയാണ് സൂക്ഷിയ്ക്കേണ്ടത്‌.  

കഷ്ട്ടപ്പാടിന്റെ വില മനസ്സിലാകാത്ത ഒരു സമൂഹത്തെ, സമരം..... (ഉലക്കേടെ മൂട്) എന്നും പറഞ്ഞിളക്കുന്ന തന്‍കാര്യപ്രഭുക്കള്‍ നാട്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുന്ന രാഷ്ട്രീയത്തെ പ്രവാസികളുടെ തട്ടകത്തില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുന്നു. പ്രവാസികളുടെ വേദനകളെ വെറും കമ്പോളമായി കാണുന്നു.  മുതലക്കണ്ണീരൊഴുക്കി  രംഗം കൊഴുപ്പിയ്ക്കാന്‍ ഓണ്‍ലൈന്‍ പത്രങ്ങളുടെ നിര, വന്നവന്റെയും, കൊണ്ടു വന്നവന്റെയും, കൂടെനിന്നവരുടെയും പിന്നെ കുറെ വഴിയെ പോയ സായിപ്പിന്റെയും മദാമ്മയുടെയും ഒക്കെ  പല്ലിളിച്ചതും കൈ കുലുക്കുന്നതുമായ പടം പിടിച്ചു നീണ്ട ലേഖനപരമ്പരകള്‍ പൈങ്കിളിക്കഥ പോലെ (ഈ പല്ലിളിയ്ക്കല്‍കാരുടെയൊക്കെത്തന്നെ) പരസ്യങ്ങളുടെ ഇടയില്‍ പ്രസിദ്ധീകരിച്ചു ഏതാണ്ട് ഒരു "റേറ്റിങ്ങ്" വല്ലാണ്ടങ്ങ്  വളര്‍ന്നു പന്തലിച്ചു എന്ന് നിര്‍വൃതിയടയുന്നു എന്ന് വിളിച്ചു കൂവും... 

രാഷ്ട്രീയം കച്ചവടമാക്കിയ ഒരു നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്ത ഒരു ജനതയാണ് നമ്മളോരോരുത്തരും അടങ്ങുന്ന പ്രവാസി സമൂഹം എന്ന സത്യം സൌകര്യപൂര്‍വ്വം മറവിയുടെ പിന്നാമ്പുറങ്ങളില്‍ തളച്ചിടുകയാണീ കാപാലികര്‍. മന:പൂര്‍വ്വം ചതിയ്ക്കുകയാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന പാവം മലയാളിയെ. ഈയിടെ ഒരു സഹോദരി ഒരു വാര്‍ത്തയോട് പ്രതികരിച്ചു പറഞ്ഞു കേട്ട പരിഹാസം നിറഞ്ഞ വാക്കുകള്‍ ഇവിടെ കടമെടുക്കട്ടെ.  സാരി വിസയില്‍ വന്ന ഇവന്മാര്‍ക്ക് ഒരു തട്ടേലൊന്നു കേറാന്‍  കിട്ടിയാല്‍ ഖദറും കശവും ഒക്കെയായി മുണ്ടിന്റെ പൊക്കം മാത്രമേ അറിയൂഎന്ന്.  ആലോചിയ്ക്കുമ്പോള്‍ സത്യമാണ്, നാട്ടില്‍ കവലയിലും കലുങ്കിലുമിരുന്ന, രണ്ടാംക്ലാസ്സും ഗുസ്തിയും പിന്നെ ലോട്ട് ലൊടുക്കു കൂലിപ്പണിയുമൊക്കെയായി നടന്ന കുറെ ആശാന്മാരു കയ്യും കാലും കാണിച്ചു ഏതെങ്കിലും നേഴ്സു കൊച്ചിനെ വളയ്ക്കും. പിന്നെ യുകെ, യുകെ എന്ന് പറഞ്ഞു തള്ളിവിട്ടിട്ടു പിന്നാലെ മീശ വടിച്ചു സാരിത്തുമ്പില്‍ പിടിച്ചു പോരും യുകെയ്ക്ക്.   അതുകഴിഞ്ഞാല്‍ ആ പാവം പെണ്പിള്ളേരു ജോലിയോട് ജോലി.  അച്ചായന് കള്ളുകുടീം ചീടുകലീം പിന്നെ അസോസിയേഷന്‍, അങ്ങനെ ഒരുപാടു കാര്യങ്ങളും......  എന്താ  കഥ!....  അങ്ങനെയിരുന്നപ്പോഴാണ് ഈ രാഷ്ട്രീയക്കോടാലിയുടെ പൂരം.... രിക്രൂട്ടുമെന്ടു കച്ചവടം എന്ന ലൊടുക്കു വിദ്യയ്ക്ക് യുകെ ഗവര്‍ന്മേന്ടു സ്വയം മൂക്കുകയറിട്ടു പിടിച്ചപ്പോള്‍ എന്‍ വി ക്യു, പിന്നെ അല്ലാത്ത ക്യു ഒക്കെ നോക്കി പച്ച തൊടാതെ വന്നിട്ട് എങ്ങനെയും പടം പത്രത്തില്‍ വരുത്താന്‍ കുറേപ്പേര് കണ്ടു പിടിച്ച പുതിയ വഴി. ഒപ്പം എതിര്‍ക്കുന്ന കൊശവന്മാരും. രണ്ടിനും പടം പത്രത്തില്‍ വരണം, നേതാവ് ചമയണം. അത്രേ വേണ്ടൂ...
ജീവിയ്ക്കാന്‍, നിലനില്‍ക്കാന്‍, ജന്മനാടിനെ തള്ളിപ്പറഞ്ഞു പൌരത്വം പോലും  താല്‍ക്കാലികമായാണെങ്കിലും ഉപേക്ഷിച്ചു വല്ല വിധേനയും ജീവിയ്ക്കാന്‍ നോക്കിന്നതിന്റെ ഇടയില്‍ വോട്ടവകാശം പോലുമില്ലാത്ത ഒരു സമൂഹത്തിന്റെ ഉദ്ധാരണവും പറഞ്ഞുകൊണ്ടു അപ്പപ്പോള്‍ കണ്ടവനെ അപ്പാന്നു വിളിയ്ക്കുന്ന രാഷ്ട്രീയ ഹിജഡകളെ ഇവിടെ പൊക്കിക്കൊണ്ടു നടക്കുന്നവന്റെയൊക്കെ തൊലിക്കട്ടി അപാരം. ഈ കൊണ്ടു വരുന്നവനൊക്കെ നാട്ടില്‍ ചെന്നാല്‍ കാണാന്‍ പോലും സമയമില്ലെന്നു പറഞ്ഞു തിരിഞ്ഞു നോക്കാത്ത വകകളാണ് എന്നത് തന്നെ സത്യം വിളിച്ചു പറയുന്നു. പണം, പണം, പണം.  അതല്ലാതെ മറ്റൊരു ചിന്തയും ഈ വരുന്നവരുടെ  അജണ്ടയിലില്ല. കൊണ്ടുവരുന്നവര്‍ക്കും അവര്‍ പോയിക്കഴിഞ്ഞു അവരുടെ പേരില്‍ നടത്താവുന്ന കുംഭകോണങ്ങളുടെ സ്വപ്നവും.  എല്ലാം പണം. പെരുകുന്ന, പണം.  നിലയ്ക്കാത്ത സ്വാര്‍ത്ഥത.

വേരുകള്‍ മറക്കുന്ന ആധുനിക ഗൈ ഫ്വോക്സ് ദിനം.


ഇന്ന് നവംബര്‍ അഞ്ച്. ഇംഗ്ളണ്ടില്‍ പ്രശസ്തമായ ‍ഗൈ ഫ്വോക്സ് ദിനം.

"ഓര്മ്മി്യ്ക്കുക, ഓര്മ്മിയ്ക്കുക,
വെടിമരുന്നിന്റെ നവംബര്‍ അഞ്ച്,
ദേശഭക്തിയും ചതിക്കുഴിയും.
മറക്കാനെനിയ്ക്കൊരു കാരണവും കാണാനില്ല,
വെടിമരുന്നും രാജ്യസ്നേഹവും."

ആലങ്കാരിക ഈണമുള്ള ഈ ഗാനശകലം പഴയ ഇംഗ്ലീഷുകാരുടെയിടയില്‍ വളരെ പ്രസിദ്ധമാണ്. ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം, ഗൈ ഫ്വോക്സ് എന്ന ഒരെയോരാളാണ് ബ്രിട്ടീഷ് പാര്ലധമെന്റില്‍ ഇത്രയും കാലത്തിനിടയ്ക്ക് ദുരുദ്ദേശത്തോടെ കടന്നിട്ടുള്ളത്. ഇന്ന് നവംബര്‍ അഞ്ച്. ഇംഗ്ളണ്ടില്‍ പ്രശസ്തമായ ‍ഗൈ ഫ്വോക്സ് ദിനം.

വിരോധാഭാസം പോലെ, വെടിക്കെട്ടുകളുടെയും ഇറച്ചി ചുട്ടുതീറ്റകളുടെയും പിന്നെ വിജയസൂചകമായ ആഴികൂട്ടലിന്റെയും ഒക്കെ കോലാഹലങ്ങളുടെയിടയില്‍,  ഈ ദേശഭക്തിയും വെടിമരുന്നും വിസ്മൃതിയിലാണ്ടു പോകുന്നു.

അതിശയകരവും വിചിത്രസ്വഭാവമുള്ളതും ഒരുപക്ഷേ അരക്കിറുക്കെന്നു  പറയാവുന്നതുമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഉത്സവത്തിമിര്പ്പി ല്‍ അത് വിശേഷാല്‍ ഓര്ക്കുപ്പെടുന്നതും അറിയപ്പെടുന്നതും ഒരു പരാജിതനായ തീവ്രവാദിയുടെ പേരിലാണെന്നതാണ് ഏറ്റവും രസകരം.  ഒരു ധീരരക്തസാക്ഷിയായി കത്തോലിയ്ക്കാ സഭയ്ക്ക് കാണാമായിരിയ്ക്കാം പക്ഷേ,  ഇംഗ്ളണ്ട് എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം,  ഗൈ ഫ്വോക്സ്,  ഇംഗ്ളണ്ടിലെ കത്തോലിക്കാ വിപ്ലവത്തിന് സ്പെയിനില്‍ നിന്ന് സഹായമഭ്യര്ത്തി ച്ചു വിഫലശ്രമം നടത്തിയ തീവ്രവാദിയാണ്.
ഇംഗ്ളണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരത്തിന്റെ പിന്തുണയ്ക്കായി ജെയിംസ് ഒന്നാമന്‍ രാജാവിനെ കൊലചെയ്യാന്‍ അവസരത്തിന് അഥവാ  പദ്ധതിയ്ക്കായി കാത്തിരുന്ന റോബര്ട്ട്  കാറ്റെസ്ബിയുമായി ചേര്ന്ന്  ബ്രിട്ടീഷ് പാര്ലിമെന്റു തന്നെ കത്തിച്ചു ചമ്പലാക്കിക്കളയാന്‍ ശ്രമിച്ച ചതിയനാണ്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിന്റെ നിലവറകളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് കാവല്‍ നില്ക്കു ന്ന ജോലിയേറ്റെടുത്ത കായേനാണ്, ആട്ടിന്‍ തോലിട്ട ചെന്നായാണ് ഗൈ ഫ്വോക്സ്.

വിധിവൈപരീത്യമെന്നു പറയട്ടെ,  ഭാഗ്യവശാലോ നിര്ഭാോഗ്യവശാലോ, ഒരുപക്ഷേ സഹ-കത്തോലിക്കര്ക്ക്  അന്നേദിവസം രാത്രിയില്‍ സ്ഥലത്ത് നിന്ന് മാറി നില്ക്കാ നുള്ള മുന്നറിയിപ്പ് കൊടുത്തത് കൊണ്ടാവണം, ആ ചതിയുടെ പദ്ധതി വെളിവാക്കപ്പെട്ടു. ആയിരത്തി അറുനൂറ്റി അഞ്ചാമാണ്ട് നവംബര്‍ മാസം അഞ്ചാം തീയതി ഗൈ ഫ്വോക്സ് പിടികൂടപ്പെട്ടു, ശരിയ്ക്കും ഭേദ്യം ചെയ്യപ്പെടുകയും ചെയ്തു. ശേഷമുള്ള കാലത്തെ ചിത്രവധത്തില്‍ സഹികെട്ട് സഹ-ഉപജാപകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കി്യെങ്കിലും വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടു. ആയിരത്തി അറുനൂറ്റി ആറാമാണ്ട് ജനുവരി മാസം ആറാം തീയതി തൂക്കുമരത്തില്‍ നിന്ന് ചാടി കഴുത്തൊടിയാനായിരുന്നു ആ വിഫല വിപ്ലവകാരിയുടെ വിധി!  നൂറ്റാണ്ടുകളായി നവംബര്‍ അഞ്ചിന് കൊണ്ടാടുന്ന ഗൈ ഫ്വോക്സ് രാത്രിയുടെ കേന്ദ്രം വിജയസൂചകമായി ആഴികൂട്ടി അതില്‍ ഗൈ ഫ്വോക്സിന്റെ കോലം പ്രതീകാത്മകമായി കത്തിയ്ക്കുന്നതാണ്.
 

സ്വന്തം രാജ്യവും യഥാര്ത്ഥാ രാജ്യസ്നേഹവും പഴങ്കഥയായി  മാറിക്കൊണ്ടിരിയ്ക്കുന്ന, അവനവനില്‍ കേന്ദ്രീകൃതമായ മനുഷ്യന്റെ സുഖവും സന്തോഷവും നിമിഷങ്ങളുടെ തിളക്കവും തേടിയുള്ള പരക്കം പാച്ചിലിന്റെ ഇക്കാലത്ത്, ഇതൊക്കെ നിറപ്പകിട്ടാര്ന്നേ വെടിക്കെട്ടുകളുടെയും ഇറച്ചിചുടലിന്റെയും ക്ഷണികപ്രഭാവത്തിനു വഴിമാറ്റപ്പെടുമ്പോള്‍ ഗൈ ഫ്വോക്സ് ഒരു സമകാലികനായ "ഉമ്മാക്കി" അഥവാ കുട്ടിച്ചാത്തനായി മാറിപ്പോയി.  പൊള്ളയായ രാഷ്ട്രീയത്തിന്റെ വക്താക്കളായ കപട  രാഷ്ട്രീയക്കാരെപ്പോലെ തന്നെ!

Thursday 22 March 2012

ശ്രീ മൂളിരക്താക്ഷന്‍ മശകശിരോമണിത്തമ്പുരാന്‍.... നീണാള്‍ വാഴട്ടെ.....

ധീരതയ്ക്കുള്ള പുരസ്കാര ജേതാവ്, കൊച്ചിവാഴും ശ്രീ ശ്രീ ശ്രീ ശ്രീ പിന്നേം ഒരു പത്തിരുപതു ശ്രീ......  ശ്രീ  മൂളിരക്താക്ഷന്‍ മശകശിരോമണിത്തമ്പുരാന്‍.... നീണാള്‍ വാഴട്ടെ.....

മുതലാളിയാണെന്നു സ്വയം മറക്കുന്ന ജനമെന്ന യഥാര്‍ത്ഥ മുതലാളി.

 രുടെ മുതലാളിയാണോ ജനം, ആ  ജനത്തെത്തന്നെ   അടിമകളായി കൊണ്ടു നടക്കുക എന്ന വിരോധാഭാസം നമ്മുടെ നാട്ടില്‍ മാത്രമേ കാണൂ...! അത് ഭീഷണി കൊണ്ടായാലും ആയാലും ഉപരോധം ആയാലും, ബന്ദ്‌/ഹര്ത്താല്‍ /പണിമുടക്ക് എന്നൊക്കെ പേരിട്ട എന്തോ ഒക്കെ ആയാലും "ജനം" എന്ന് വിശാലമായി ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്ക്കും വല്ലാത്ത, ഒരു വലിയ ബുദ്ധിമുട്ടാണ്.




എന്താണിത്?  എവിടെയും "സ്വന്തം" പാര്‍ട്ടി!  ജനം കൊടുത്തതല്ലാതെ ഇവരുടെയൊന്നും കയ്യിലൊന്നുമില്ല.  പക്ഷെ ചതിക്കുന്നത് മുഴുവന്‍ ആ "ജനം എന്ന യഥാര്‍ത്ഥ മുതലാളി"യേയും!.




ഉമ്മന്‍ ചാണ്ടിയും വി എസ്സും പിണറായിയും കുഞ്ഞാലിക്കുട്ടിയും മാണിയും ജോസഫും സിന്ധുജോയിയും സെല്‍വരാജും കെ ആര്‍ ഗൌരിയും ജയാഡാലിയും ജയരാജന്മാരും മുരളിമാരും സുധാകരന്മാരും എന്ന് വേണ്ട ഈ കക്ഷിരാഷ്ട്രീയം കൊണ്ടു ജീവിക്കുന്ന എല്ലാവരും ഇതോര്‍ക്കുന്നത് നല്ലതാണ്. പാര്‍ട്ടിയും പൊതുജനവും രണ്ടും രണ്ടാണ്. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക്,   പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം അത് പാര്‍ട്ടിക്കാരല്ലാത്ത മറ്റുള്ളവര്‍ക്കും ഒപ്പം പ്രയോജനകരമായ പ്രവര്‍ത്തി  ആകുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ "രാഷ്ട്രീയക്കാരനാകും" അല്ലാത്തിടത്തോളം  വെറും "പീറ കക്ഷിരാഷ്ട്രീയക്കാരന്‍" മാത്രമാണ്"  അതായത്, നാത്തൂന്‍ കരഞ്ഞു കാണാന്‍ വേണ്ടി ആങ്ങളയ്ക്ക് വിഷം കൊടുത്ത് കൊല്ലുന്ന  പുന്നാരപ്പെങ്ങളുടെ സവിശേഷ സ്വഭാവം പോലെ.




പാര്‍ട്ടിയല്ല, പൊതുജനം. ആശയപരമായി ചേര്‍ന്ന്  നില്ക്കുന്നവരും അതുപോലെതന്നെ എതിര്‍പ്പുള്ളവരും ചേര്‍ന്നതാണ്‌ പൊതുജനം (അതങ്ങനെ തന്നെയാണ്, എല്ലാക്കാലവും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും) എന്ന് സഹിഷ്ണുതയോടെ ചിന്തിക്കാന്‍ നമ്മുടെ ഒരു കക്ഷിരാഷ്ട്രീയ നേതാവും ഇപ്പോഴും തയ്യാറല്ലാത്തത് കൊണ്ടാണ് ഈ ചെളിവാരിയെറിയലും കുതികാലുവെട്ടലും കൊലപാതകങ്ങളും ഒക്കെ....., എല്ലാം തന്‍കാര്യസാധ്യത്തിനായുള്ള, അതിനു മാത്രമായുള്ള അണികളെ ചേര്‍ത്തുനിര്‍ത്താനുള്ള വെറും വികാരപ്രകടനം മാത്രം. ഒരാളെ, അതാരായാലും കൊല്ലാന്‍ മൌനാനുവാദം  കൊടുക്കാന്‍ പോലും തയ്യാറാവുന്ന, അല്ലെങ്കില്‍ കൊലയാളി അതാരു തന്നെ ആയാലും സംരക്ഷിക്കാന്‍ നിയമാനുസൃതമല്ലാത്ത വഴികള്‍ തേടുന്നവര്‍ ആരും "രാഷ്ട്രീയ"ക്കാരല്ല.






കഷ്ടം!  ഇവര്‍ക്കൊക്കെ എങ്ങനെ ഇതിനൊക്കെക്കഴിയുന്നു?  നപുംസകങ്ങള്‍ പോലും ഇങ്ങനെ ഒന്നും ചെയ്യില്ല. അതേയതെ,  ഇവരൊക്കെ ഇങ്ങനെയൊക്കെത്തന്നെ  ഇതൊക്കെ തീര്‍ച്ചയായും ചെയ്യണം.  പ്രതികരിക്കുന്നവനെ ഒരു കൂട്ടം ആദ്യം ചീത്തവിളിക്കും പിന്നെ മാറിനില്ക്കും , പിന്നാലെഒരു ചെറിയ ഇടവേളയ്ക്കു ശേഷം മറുഭാഗം ചീത്തവിളിയും ഭീഷണിയും തുടങ്ങും. പിന്നീട് തരം പോലെ ഉപദ്രവത്തിന്റെ രീതികളിലേയ്ക്ക് ഇരുകൂട്ടരും മാറും.  ഒരു അഭിനവ വാണിയന്‍ വാണിയത്തിക്കളി.  അത്രതന്നെ. 





സാധാരണ ജനം ഇവരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന്  അകലുന്നു എന്ന് കണ്ടാല്‍ വര്ഗ്ഗീ്യം, സാമുദായികം, സാമ്പത്തികം, രാഷ്ട്രീയം എന്ന് വേണ്ട ഏതു നാണയമാണോ  ചില്ലറ വില്പ്പ്നയ്ക്ക് നല്ലത് അതെടുത്തു  ചിലവാക്കും. ഒരു തല്ലും വഴക്കും കുറെ പൊതുമുതല്‍ നശിപ്പിക്കലും വേണ്ടി വന്നാല്‍ ഒന്നോ രണ്ടോ രക്ത സാക്ഷികളെയും സൃഷ്ടിക്കും.  ജനം വീണ്ടും കഴുത്ത വിവാദങ്ങളിലും "കക്ഷി-രാഷ്ട്രീയത്തിന്റെ" കവലപ്രസംഗങ്ങളിലും  പണം വാങ്ങി ഇരുകൂട്ടരെയും നിരത്തി ചര്‍ച്ചകള്‍ നടത്തി രംഗം കൊഴുപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും കൂടെയാകുമ്പോള്‍  പാവം "മുതലാളിയായ ജനം" അത് മറന്നു പോകും.  അടിമയാക്കി തളയ്ക്കുന്നതു വരെ ഈ ഇരുട്ടിന്റെ ശക്തികള്‍ ഒന്നിച്ചു നില്ക്കും  പിന്നാമ്പുറങ്ങളില്‍.  വെളിച്ചം വീഴുമ്പോള്‍ എല്ലാവരും വെവ്വേറെ വേഷത്തില്‍ രക്ഷകന്റെ വേഷമണിഞ്ഞു താന്‍ മുതലാളിയാണെന്ന ഓര്മ്മ് പോലും ഇല്ലാതെ ജനത്തെ അടിമത്വത്തില്‍ നിന്ന് ചവുട്ടടിയിലേക്ക് വീഴിച്ചു കൊണ്ടേയിരിക്കും.  ഇതൊരു തുടര്ക്ക ഥയായി "എപ്പിസോഡു"കളായി  അഥവാ ഉപാഖ്യാനങ്ങളായി  അങ്ങനെ ആവശ്യാനുസരണം അവര്‍ പ്രക്ഷേപണം ചെയ്തു കൊണ്ടേയുമിരിക്കുന്നു. 




പ്രതികരിക്കുക.  ഈ കള്ളനാണയങ്ങളെ തിരിച്ചറിയുക.  യഥാര്ത്ഥ  രാഷ്ട്രീയം മാത്രം നോക്കുക രാഷ്ട്രീയ കക്ഷികളെ അല്ലെങ്കില്‍ പാര്ട്ടി കളെ നോക്കാതെ വ്യക്തിയെ നോക്കി, മത്സരിക്കുന്ന ഓരോ വ്യക്തിയുടെയും  ഗുണം-ദോഷം സമൂഹത്തിനു എന്ത് അയാള്‍ ചെയ്യും, എത്രത്തോളം സത്യസന്ധനും സദ്‌ഗുണ സമ്പന്നനും സഹായിയും നിഷ്പക്ഷനും ആണ് എന്നത് നോക്കി മാത്രം പ്രതിനിധിയെ തിരഞ്ഞെടുക്കുക.




വിചാരിക്കുന്നതിലും ഒരുപാടു, ഒരുപാടൊരുപാടു ബുദ്ധിമുട്ടുള്ളതാണെങ്കിലും അതുമാത്രമാണോ  ഇനിയീ കക്ഷിരാഷ്ട്രീയക്കൂട്ടങ്ങളിലെ ചതിയന്മാരെ തിരിച്ചറിയാനുള്ള ഏക വഴി? ആവോ ആര്ക്ക്റിയാം....!

- ജേക്കബ് കോയിപ്പള്ളി.



ആരാണ് ഞാന്‍?   -- ഒരു സാദാ മലയാളി. മലയാളത്തെയും മലയാണ്മയെയും വല്ലാതെ സ്നേഹിക്കുന്ന, നാടന്‍ ജീവിതം ധാരാളം ഇഷ്ടപ്പെടുന്ന, സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന, ദേഷ്യം അതിരുകടന്നു പ്രകടിപ്പിക്കുന്ന, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ പോയി അനാവശ്യ വെറുപ്പ്‌ വിലയ്ക്ക് വാങ്ങുന്ന, കക്ഷിരാഷ്ട്രീയ കുതിരക്കച്ചവടങ്ങളും സ്വാര്‍ത്ഥതയും വെറുക്കുന്ന വെറും സാധാരണക്കാരനായ ഒരു സാദാ മലയാളി. ചുരുക്കിപ്പറഞ്ഞാല്‍, അതാണ്‌, അതാണു ഞാന്‍, ജേക്കബ് കോയിപ്പള്ളി.