Friday 23 March 2012

മലയാളി ചെല്ലുന്നിടം പാതാളമാകുന്നതെങ്ങിനെ? യു.കെ. രാഷ്ട്രീയ മോഹങ്ങള്‍ സ്വാര്ത്ഥനതയോ?

 
മലയാളി ചെല്ലുന്നിടം പാതാളമാകുന്ന / പാതാളമാക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

ജനസേവനം എന്ന വ്യാജന്‍, ജോലിയ്ക്കെന്നും റിക്രൂട്ടുമെന്റെന്നും പഠനത്തിനെന്നും അല്ലാത്ത എന്തെല്ലാം ഊടുവഴികള്‍ കണ്ടെത്താമോ അങ്ങനെയെല്ലാം അര്‍ഹത (ഓരോരോ വ്യവസ്ഥകള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത് നന്മയുദ്ദേശിച്ചാണല്ലോ)  ഇല്ലാത്ത വഴികളിലൂടെ ആളുകളെ പ്രലോഭിപ്പിച്ചു സ്വന്തം കീശയിലേക്ക്‌ മാത്രം നോട്ടം വച്ച കുറെ ദല്ലാളുമാരാണ് ആദ്യം മലയാളിയുടെ യു കെ സമാധാനത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.  കുടിയേറ്റപ്പ്രശ്നം ശരിയ്ക്കും പ്രശ്നമായത്‌ എല്ലായിടത്തുനിന്നും (ഭാരതം മാത്രമല്ല) ഇങ്ങനെയുള്ള അനര്‍ഹരെ അനധികൃത മാര്ഗ്ഗങ്ങളിലൂടെ പ്രലോഭിപ്പിച്ചു കൊണ്ടു വന്നു എന്നുള്ളത് തന്നെയാണ്.  
മറ്റൊന്ന് മലയാളിയുടെ ഇരിയ്ക്കുന്ന കൊമ്പുവെട്ടുന്ന ദുഷിച്ച രാഷ്ട്രീയപ്രവണത.  എവിടെ ചെന്നാലും ആദ്യമാദ്യം എത്തുന്നവര്‍ കുറച്ചു കഷ്ടപ്പെട്ട്  കഠിനാധ്വാനികളും സത്യസന്ധരും എന്നൊക്കെയുള്ള നല്ലപേരും സമ്പാദിയ്ക്കും, അതുകണ്ടു പിന്നാലെ എത്തുന്ന ദുരമൂത്ത  ചതിയ്ന്മാരും വഞ്ചകരുമായ ശകുനികള്‍ നനഞ്ഞിടം കുഴിയ്ക്കുന്നതോടെ ശനിദശയും ആരംഭിയ്ക്കുന്നു.  സ്വന്തമായി ഉണ്ടായിരുന്ന അസ്ഥിത്വം അവനവന്റെ പൌരത്വം പോലും ഉളുപ്പില്ലാതെ വിറ്റുകാശാക്കിയിട്ടു   സായിപ്പിനടിയറ വച്ച മഹത്വവും പറഞ്ഞു നടക്കുന്ന പൊള്ളയായ രാജ്യസ്നേഹ പ്രമാണികളെയാണ് സൂക്ഷിയ്ക്കേണ്ടത്‌.  

കഷ്ട്ടപ്പാടിന്റെ വില മനസ്സിലാകാത്ത ഒരു സമൂഹത്തെ, സമരം..... (ഉലക്കേടെ മൂട്) എന്നും പറഞ്ഞിളക്കുന്ന തന്‍കാര്യപ്രഭുക്കള്‍ നാട്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുന്ന രാഷ്ട്രീയത്തെ പ്രവാസികളുടെ തട്ടകത്തില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുന്നു. പ്രവാസികളുടെ വേദനകളെ വെറും കമ്പോളമായി കാണുന്നു.  മുതലക്കണ്ണീരൊഴുക്കി  രംഗം കൊഴുപ്പിയ്ക്കാന്‍ ഓണ്‍ലൈന്‍ പത്രങ്ങളുടെ നിര, വന്നവന്റെയും, കൊണ്ടു വന്നവന്റെയും, കൂടെനിന്നവരുടെയും പിന്നെ കുറെ വഴിയെ പോയ സായിപ്പിന്റെയും മദാമ്മയുടെയും ഒക്കെ  പല്ലിളിച്ചതും കൈ കുലുക്കുന്നതുമായ പടം പിടിച്ചു നീണ്ട ലേഖനപരമ്പരകള്‍ പൈങ്കിളിക്കഥ പോലെ (ഈ പല്ലിളിയ്ക്കല്‍കാരുടെയൊക്കെത്തന്നെ) പരസ്യങ്ങളുടെ ഇടയില്‍ പ്രസിദ്ധീകരിച്ചു ഏതാണ്ട് ഒരു "റേറ്റിങ്ങ്" വല്ലാണ്ടങ്ങ്  വളര്‍ന്നു പന്തലിച്ചു എന്ന് നിര്‍വൃതിയടയുന്നു എന്ന് വിളിച്ചു കൂവും... 

രാഷ്ട്രീയം കച്ചവടമാക്കിയ ഒരു നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്ത ഒരു ജനതയാണ് നമ്മളോരോരുത്തരും അടങ്ങുന്ന പ്രവാസി സമൂഹം എന്ന സത്യം സൌകര്യപൂര്‍വ്വം മറവിയുടെ പിന്നാമ്പുറങ്ങളില്‍ തളച്ചിടുകയാണീ കാപാലികര്‍. മന:പൂര്‍വ്വം ചതിയ്ക്കുകയാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന പാവം മലയാളിയെ. ഈയിടെ ഒരു സഹോദരി ഒരു വാര്‍ത്തയോട് പ്രതികരിച്ചു പറഞ്ഞു കേട്ട പരിഹാസം നിറഞ്ഞ വാക്കുകള്‍ ഇവിടെ കടമെടുക്കട്ടെ.  സാരി വിസയില്‍ വന്ന ഇവന്മാര്‍ക്ക് ഒരു തട്ടേലൊന്നു കേറാന്‍  കിട്ടിയാല്‍ ഖദറും കശവും ഒക്കെയായി മുണ്ടിന്റെ പൊക്കം മാത്രമേ അറിയൂഎന്ന്.  ആലോചിയ്ക്കുമ്പോള്‍ സത്യമാണ്, നാട്ടില്‍ കവലയിലും കലുങ്കിലുമിരുന്ന, രണ്ടാംക്ലാസ്സും ഗുസ്തിയും പിന്നെ ലോട്ട് ലൊടുക്കു കൂലിപ്പണിയുമൊക്കെയായി നടന്ന കുറെ ആശാന്മാരു കയ്യും കാലും കാണിച്ചു ഏതെങ്കിലും നേഴ്സു കൊച്ചിനെ വളയ്ക്കും. പിന്നെ യുകെ, യുകെ എന്ന് പറഞ്ഞു തള്ളിവിട്ടിട്ടു പിന്നാലെ മീശ വടിച്ചു സാരിത്തുമ്പില്‍ പിടിച്ചു പോരും യുകെയ്ക്ക്.   അതുകഴിഞ്ഞാല്‍ ആ പാവം പെണ്പിള്ളേരു ജോലിയോട് ജോലി.  അച്ചായന് കള്ളുകുടീം ചീടുകലീം പിന്നെ അസോസിയേഷന്‍, അങ്ങനെ ഒരുപാടു കാര്യങ്ങളും......  എന്താ  കഥ!....  അങ്ങനെയിരുന്നപ്പോഴാണ് ഈ രാഷ്ട്രീയക്കോടാലിയുടെ പൂരം.... രിക്രൂട്ടുമെന്ടു കച്ചവടം എന്ന ലൊടുക്കു വിദ്യയ്ക്ക് യുകെ ഗവര്‍ന്മേന്ടു സ്വയം മൂക്കുകയറിട്ടു പിടിച്ചപ്പോള്‍ എന്‍ വി ക്യു, പിന്നെ അല്ലാത്ത ക്യു ഒക്കെ നോക്കി പച്ച തൊടാതെ വന്നിട്ട് എങ്ങനെയും പടം പത്രത്തില്‍ വരുത്താന്‍ കുറേപ്പേര് കണ്ടു പിടിച്ച പുതിയ വഴി. ഒപ്പം എതിര്‍ക്കുന്ന കൊശവന്മാരും. രണ്ടിനും പടം പത്രത്തില്‍ വരണം, നേതാവ് ചമയണം. അത്രേ വേണ്ടൂ...
ജീവിയ്ക്കാന്‍, നിലനില്‍ക്കാന്‍, ജന്മനാടിനെ തള്ളിപ്പറഞ്ഞു പൌരത്വം പോലും  താല്‍ക്കാലികമായാണെങ്കിലും ഉപേക്ഷിച്ചു വല്ല വിധേനയും ജീവിയ്ക്കാന്‍ നോക്കിന്നതിന്റെ ഇടയില്‍ വോട്ടവകാശം പോലുമില്ലാത്ത ഒരു സമൂഹത്തിന്റെ ഉദ്ധാരണവും പറഞ്ഞുകൊണ്ടു അപ്പപ്പോള്‍ കണ്ടവനെ അപ്പാന്നു വിളിയ്ക്കുന്ന രാഷ്ട്രീയ ഹിജഡകളെ ഇവിടെ പൊക്കിക്കൊണ്ടു നടക്കുന്നവന്റെയൊക്കെ തൊലിക്കട്ടി അപാരം. ഈ കൊണ്ടു വരുന്നവനൊക്കെ നാട്ടില്‍ ചെന്നാല്‍ കാണാന്‍ പോലും സമയമില്ലെന്നു പറഞ്ഞു തിരിഞ്ഞു നോക്കാത്ത വകകളാണ് എന്നത് തന്നെ സത്യം വിളിച്ചു പറയുന്നു. പണം, പണം, പണം.  അതല്ലാതെ മറ്റൊരു ചിന്തയും ഈ വരുന്നവരുടെ  അജണ്ടയിലില്ല. കൊണ്ടുവരുന്നവര്‍ക്കും അവര്‍ പോയിക്കഴിഞ്ഞു അവരുടെ പേരില്‍ നടത്താവുന്ന കുംഭകോണങ്ങളുടെ സ്വപ്നവും.  എല്ലാം പണം. പെരുകുന്ന, പണം.  നിലയ്ക്കാത്ത സ്വാര്‍ത്ഥത.

No comments:

Post a Comment