Friday, 23 March 2012

മലയാളി ചെല്ലുന്നിടം പാതാളമാകുന്നതെങ്ങിനെ? യു.കെ. രാഷ്ട്രീയ മോഹങ്ങള്‍ സ്വാര്ത്ഥനതയോ?

 
മലയാളി ചെല്ലുന്നിടം പാതാളമാകുന്ന / പാതാളമാക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

ജനസേവനം എന്ന വ്യാജന്‍, ജോലിയ്ക്കെന്നും റിക്രൂട്ടുമെന്റെന്നും പഠനത്തിനെന്നും അല്ലാത്ത എന്തെല്ലാം ഊടുവഴികള്‍ കണ്ടെത്താമോ അങ്ങനെയെല്ലാം അര്‍ഹത (ഓരോരോ വ്യവസ്ഥകള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത് നന്മയുദ്ദേശിച്ചാണല്ലോ)  ഇല്ലാത്ത വഴികളിലൂടെ ആളുകളെ പ്രലോഭിപ്പിച്ചു സ്വന്തം കീശയിലേക്ക്‌ മാത്രം നോട്ടം വച്ച കുറെ ദല്ലാളുമാരാണ് ആദ്യം മലയാളിയുടെ യു കെ സമാധാനത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.  കുടിയേറ്റപ്പ്രശ്നം ശരിയ്ക്കും പ്രശ്നമായത്‌ എല്ലായിടത്തുനിന്നും (ഭാരതം മാത്രമല്ല) ഇങ്ങനെയുള്ള അനര്‍ഹരെ അനധികൃത മാര്ഗ്ഗങ്ങളിലൂടെ പ്രലോഭിപ്പിച്ചു കൊണ്ടു വന്നു എന്നുള്ളത് തന്നെയാണ്.  
മറ്റൊന്ന് മലയാളിയുടെ ഇരിയ്ക്കുന്ന കൊമ്പുവെട്ടുന്ന ദുഷിച്ച രാഷ്ട്രീയപ്രവണത.  എവിടെ ചെന്നാലും ആദ്യമാദ്യം എത്തുന്നവര്‍ കുറച്ചു കഷ്ടപ്പെട്ട്  കഠിനാധ്വാനികളും സത്യസന്ധരും എന്നൊക്കെയുള്ള നല്ലപേരും സമ്പാദിയ്ക്കും, അതുകണ്ടു പിന്നാലെ എത്തുന്ന ദുരമൂത്ത  ചതിയ്ന്മാരും വഞ്ചകരുമായ ശകുനികള്‍ നനഞ്ഞിടം കുഴിയ്ക്കുന്നതോടെ ശനിദശയും ആരംഭിയ്ക്കുന്നു.  സ്വന്തമായി ഉണ്ടായിരുന്ന അസ്ഥിത്വം അവനവന്റെ പൌരത്വം പോലും ഉളുപ്പില്ലാതെ വിറ്റുകാശാക്കിയിട്ടു   സായിപ്പിനടിയറ വച്ച മഹത്വവും പറഞ്ഞു നടക്കുന്ന പൊള്ളയായ രാജ്യസ്നേഹ പ്രമാണികളെയാണ് സൂക്ഷിയ്ക്കേണ്ടത്‌.  

കഷ്ട്ടപ്പാടിന്റെ വില മനസ്സിലാകാത്ത ഒരു സമൂഹത്തെ, സമരം..... (ഉലക്കേടെ മൂട്) എന്നും പറഞ്ഞിളക്കുന്ന തന്‍കാര്യപ്രഭുക്കള്‍ നാട്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുന്ന രാഷ്ട്രീയത്തെ പ്രവാസികളുടെ തട്ടകത്തില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുന്നു. പ്രവാസികളുടെ വേദനകളെ വെറും കമ്പോളമായി കാണുന്നു.  മുതലക്കണ്ണീരൊഴുക്കി  രംഗം കൊഴുപ്പിയ്ക്കാന്‍ ഓണ്‍ലൈന്‍ പത്രങ്ങളുടെ നിര, വന്നവന്റെയും, കൊണ്ടു വന്നവന്റെയും, കൂടെനിന്നവരുടെയും പിന്നെ കുറെ വഴിയെ പോയ സായിപ്പിന്റെയും മദാമ്മയുടെയും ഒക്കെ  പല്ലിളിച്ചതും കൈ കുലുക്കുന്നതുമായ പടം പിടിച്ചു നീണ്ട ലേഖനപരമ്പരകള്‍ പൈങ്കിളിക്കഥ പോലെ (ഈ പല്ലിളിയ്ക്കല്‍കാരുടെയൊക്കെത്തന്നെ) പരസ്യങ്ങളുടെ ഇടയില്‍ പ്രസിദ്ധീകരിച്ചു ഏതാണ്ട് ഒരു "റേറ്റിങ്ങ്" വല്ലാണ്ടങ്ങ്  വളര്‍ന്നു പന്തലിച്ചു എന്ന് നിര്‍വൃതിയടയുന്നു എന്ന് വിളിച്ചു കൂവും... 

രാഷ്ട്രീയം കച്ചവടമാക്കിയ ഒരു നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്ത ഒരു ജനതയാണ് നമ്മളോരോരുത്തരും അടങ്ങുന്ന പ്രവാസി സമൂഹം എന്ന സത്യം സൌകര്യപൂര്‍വ്വം മറവിയുടെ പിന്നാമ്പുറങ്ങളില്‍ തളച്ചിടുകയാണീ കാപാലികര്‍. മന:പൂര്‍വ്വം ചതിയ്ക്കുകയാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന പാവം മലയാളിയെ. ഈയിടെ ഒരു സഹോദരി ഒരു വാര്‍ത്തയോട് പ്രതികരിച്ചു പറഞ്ഞു കേട്ട പരിഹാസം നിറഞ്ഞ വാക്കുകള്‍ ഇവിടെ കടമെടുക്കട്ടെ.  “സാരി വിസയില്‍ വന്ന ഇവന്മാര്‍ക്ക് ഒരു തട്ടേലൊന്നു കേറാന്‍  കിട്ടിയാല്‍ ഖദറും കശവും ഒക്കെയായി മുണ്ടിന്റെ പൊക്കം മാത്രമേ അറിയൂ” എന്ന്.  ആലോചിയ്ക്കുമ്പോള്‍ സത്യമാണ്, നാട്ടില്‍ കവലയിലും കലുങ്കിലുമിരുന്ന, രണ്ടാംക്ലാസ്സും ഗുസ്തിയും പിന്നെ ലോട്ട് ലൊടുക്കു കൂലിപ്പണിയുമൊക്കെയായി നടന്ന കുറെ ആശാന്മാരു കയ്യും കാലും കാണിച്ചു ഏതെങ്കിലും നേഴ്സു കൊച്ചിനെ വളയ്ക്കും. പിന്നെ യുകെ, യുകെ എന്ന് പറഞ്ഞു തള്ളിവിട്ടിട്ടു പിന്നാലെ മീശ വടിച്ചു സാരിത്തുമ്പില്‍ പിടിച്ചു പോരും യുകെയ്ക്ക്.   അതുകഴിഞ്ഞാല്‍ ആ പാവം പെണ്പിള്ളേരു ജോലിയോട് ജോലി.  അച്ചായന് കള്ളുകുടീം ചീടുകലീം പിന്നെ അസോസിയേഷന്‍, അങ്ങനെ ഒരുപാടു കാര്യങ്ങളും......  എന്താ  കഥ!....  അങ്ങനെയിരുന്നപ്പോഴാണ് ഈ രാഷ്ട്രീയക്കോടാലിയുടെ പൂരം.... രിക്രൂട്ടുമെന്ടു കച്ചവടം എന്ന ലൊടുക്കു വിദ്യയ്ക്ക് യുകെ ഗവര്‍ന്മേന്ടു സ്വയം മൂക്കുകയറിട്ടു പിടിച്ചപ്പോള്‍ എന്‍ വി ക്യു, പിന്നെ അല്ലാത്ത ക്യു ഒക്കെ നോക്കി പച്ച തൊടാതെ വന്നിട്ട് എങ്ങനെയും പടം പത്രത്തില്‍ വരുത്താന്‍ കുറേപ്പേര് കണ്ടു പിടിച്ച പുതിയ വഴി. ഒപ്പം എതിര്‍ക്കുന്ന കൊശവന്മാരും. രണ്ടിനും പടം പത്രത്തില്‍ വരണം, നേതാവ് ചമയണം. അത്രേ വേണ്ടൂ...
ജീവിയ്ക്കാന്‍, നിലനില്‍ക്കാന്‍, ജന്മനാടിനെ തള്ളിപ്പറഞ്ഞു പൌരത്വം പോലും  താല്‍ക്കാലികമായാണെങ്കിലും ഉപേക്ഷിച്ചു വല്ല വിധേനയും ജീവിയ്ക്കാന്‍ നോക്കിന്നതിന്റെ ഇടയില്‍ വോട്ടവകാശം പോലുമില്ലാത്ത ഒരു സമൂഹത്തിന്റെ ഉദ്ധാരണവും പറഞ്ഞുകൊണ്ടു അപ്പപ്പോള്‍ കണ്ടവനെ അപ്പാന്നു വിളിയ്ക്കുന്ന രാഷ്ട്രീയ ഹിജഡകളെ ഇവിടെ പൊക്കിക്കൊണ്ടു നടക്കുന്നവന്റെയൊക്കെ തൊലിക്കട്ടി അപാരം. ഈ കൊണ്ടു വരുന്നവനൊക്കെ നാട്ടില്‍ ചെന്നാല്‍ കാണാന്‍ പോലും സമയമില്ലെന്നു പറഞ്ഞു തിരിഞ്ഞു നോക്കാത്ത വകകളാണ് എന്നത് തന്നെ സത്യം വിളിച്ചു പറയുന്നു. പണം, പണം, പണം.  അതല്ലാതെ മറ്റൊരു ചിന്തയും ഈ വരുന്നവരുടെ  അജണ്ടയിലില്ല. കൊണ്ടുവരുന്നവര്‍ക്കും അവര്‍ പോയിക്കഴിഞ്ഞു അവരുടെ പേരില്‍ നടത്താവുന്ന കുംഭകോണങ്ങളുടെ സ്വപ്നവും.  എല്ലാം പണം. പെരുകുന്ന, പണം.  നിലയ്ക്കാത്ത സ്വാര്‍ത്ഥത.

വേരുകള്‍ മറക്കുന്ന ആധുനിക ഗൈ ഫ്വോക്സ് ദിനം.


ഇന്ന് നവംബര്‍ അഞ്ച്. ഇംഗ്ളണ്ടില്‍ പ്രശസ്തമായ ‍ഗൈ ഫ്വോക്സ് ദിനം.

"ഓര്മ്മി്യ്ക്കുക, ഓര്മ്മിയ്ക്കുക,
വെടിമരുന്നിന്റെ നവംബര്‍ അഞ്ച്,
ദേശഭക്തിയും ചതിക്കുഴിയും.
മറക്കാനെനിയ്ക്കൊരു കാരണവും കാണാനില്ല,
വെടിമരുന്നും രാജ്യസ്നേഹവും."

ആലങ്കാരിക ഈണമുള്ള ഈ ഗാനശകലം പഴയ ഇംഗ്ലീഷുകാരുടെയിടയില്‍ വളരെ പ്രസിദ്ധമാണ്. ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം, ഗൈ ഫ്വോക്സ് എന്ന ഒരെയോരാളാണ് ബ്രിട്ടീഷ് പാര്ലധമെന്റില്‍ ഇത്രയും കാലത്തിനിടയ്ക്ക് ദുരുദ്ദേശത്തോടെ കടന്നിട്ടുള്ളത്. ഇന്ന് നവംബര്‍ അഞ്ച്. ഇംഗ്ളണ്ടില്‍ പ്രശസ്തമായ ‍ഗൈ ഫ്വോക്സ് ദിനം.

വിരോധാഭാസം പോലെ, വെടിക്കെട്ടുകളുടെയും ഇറച്ചി ചുട്ടുതീറ്റകളുടെയും പിന്നെ വിജയസൂചകമായ ആഴികൂട്ടലിന്റെയും ഒക്കെ കോലാഹലങ്ങളുടെയിടയില്‍,  ഈ ദേശഭക്തിയും വെടിമരുന്നും വിസ്മൃതിയിലാണ്ടു പോകുന്നു.

അതിശയകരവും വിചിത്രസ്വഭാവമുള്ളതും ഒരുപക്ഷേ അരക്കിറുക്കെന്നു  പറയാവുന്നതുമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഉത്സവത്തിമിര്പ്പി ല്‍ അത് വിശേഷാല്‍ ഓര്ക്കുപ്പെടുന്നതും അറിയപ്പെടുന്നതും ഒരു പരാജിതനായ തീവ്രവാദിയുടെ പേരിലാണെന്നതാണ് ഏറ്റവും രസകരം.  ഒരു ധീരരക്തസാക്ഷിയായി കത്തോലിയ്ക്കാ സഭയ്ക്ക് കാണാമായിരിയ്ക്കാം പക്ഷേ,  ഇംഗ്ളണ്ട് എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം,  ഗൈ ഫ്വോക്സ്,  ഇംഗ്ളണ്ടിലെ കത്തോലിക്കാ വിപ്ലവത്തിന് സ്പെയിനില്‍ നിന്ന് സഹായമഭ്യര്ത്തി ച്ചു വിഫലശ്രമം നടത്തിയ തീവ്രവാദിയാണ്.
ഇംഗ്ളണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരത്തിന്റെ പിന്തുണയ്ക്കായി ജെയിംസ് ഒന്നാമന്‍ രാജാവിനെ കൊലചെയ്യാന്‍ അവസരത്തിന് അഥവാ  പദ്ധതിയ്ക്കായി കാത്തിരുന്ന റോബര്ട്ട്  കാറ്റെസ്ബിയുമായി ചേര്ന്ന്  ബ്രിട്ടീഷ് പാര്ലിമെന്റു തന്നെ കത്തിച്ചു ചമ്പലാക്കിക്കളയാന്‍ ശ്രമിച്ച ചതിയനാണ്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിന്റെ നിലവറകളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് കാവല്‍ നില്ക്കു ന്ന ജോലിയേറ്റെടുത്ത കായേനാണ്, ആട്ടിന്‍ തോലിട്ട ചെന്നായാണ് ഗൈ ഫ്വോക്സ്.

വിധിവൈപരീത്യമെന്നു പറയട്ടെ,  ഭാഗ്യവശാലോ നിര്ഭാോഗ്യവശാലോ, ഒരുപക്ഷേ സഹ-കത്തോലിക്കര്ക്ക്  അന്നേദിവസം രാത്രിയില്‍ സ്ഥലത്ത് നിന്ന് മാറി നില്ക്കാ നുള്ള മുന്നറിയിപ്പ് കൊടുത്തത് കൊണ്ടാവണം, ആ ചതിയുടെ പദ്ധതി വെളിവാക്കപ്പെട്ടു. ആയിരത്തി അറുനൂറ്റി അഞ്ചാമാണ്ട് നവംബര്‍ മാസം അഞ്ചാം തീയതി ഗൈ ഫ്വോക്സ് പിടികൂടപ്പെട്ടു, ശരിയ്ക്കും ഭേദ്യം ചെയ്യപ്പെടുകയും ചെയ്തു. ശേഷമുള്ള കാലത്തെ ചിത്രവധത്തില്‍ സഹികെട്ട് സഹ-ഉപജാപകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കി്യെങ്കിലും വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടു. ആയിരത്തി അറുനൂറ്റി ആറാമാണ്ട് ജനുവരി മാസം ആറാം തീയതി തൂക്കുമരത്തില്‍ നിന്ന് ചാടി കഴുത്തൊടിയാനായിരുന്നു ആ വിഫല വിപ്ലവകാരിയുടെ വിധി!  നൂറ്റാണ്ടുകളായി നവംബര്‍ അഞ്ചിന് കൊണ്ടാടുന്ന ഗൈ ഫ്വോക്സ് രാത്രിയുടെ കേന്ദ്രം വിജയസൂചകമായി ആഴികൂട്ടി അതില്‍ ഗൈ ഫ്വോക്സിന്റെ കോലം പ്രതീകാത്മകമായി കത്തിയ്ക്കുന്നതാണ്.
 

സ്വന്തം രാജ്യവും യഥാര്ത്ഥാ രാജ്യസ്നേഹവും പഴങ്കഥയായി  മാറിക്കൊണ്ടിരിയ്ക്കുന്ന, അവനവനില്‍ കേന്ദ്രീകൃതമായ മനുഷ്യന്റെ സുഖവും സന്തോഷവും നിമിഷങ്ങളുടെ തിളക്കവും തേടിയുള്ള പരക്കം പാച്ചിലിന്റെ ഇക്കാലത്ത്, ഇതൊക്കെ നിറപ്പകിട്ടാര്ന്നേ വെടിക്കെട്ടുകളുടെയും ഇറച്ചിചുടലിന്റെയും ക്ഷണികപ്രഭാവത്തിനു വഴിമാറ്റപ്പെടുമ്പോള്‍ ഗൈ ഫ്വോക്സ് ഒരു സമകാലികനായ "ഉമ്മാക്കി" അഥവാ കുട്ടിച്ചാത്തനായി മാറിപ്പോയി.  പൊള്ളയായ രാഷ്ട്രീയത്തിന്റെ വക്താക്കളായ കപട  രാഷ്ട്രീയക്കാരെപ്പോലെ തന്നെ!

Thursday, 22 March 2012

ശ്രീ മൂളിരക്താക്ഷന്‍ മശകശിരോമണിത്തമ്പുരാന്‍.... നീണാള്‍ വാഴട്ടെ.....

ധീരതയ്ക്കുള്ള പുരസ്കാര ജേതാവ്, കൊച്ചിവാഴും ശ്രീ ശ്രീ ശ്രീ ശ്രീ പിന്നേം ഒരു പത്തിരുപതു ശ്രീ......  ശ്രീ  മൂളിരക്താക്ഷന്‍ മശകശിരോമണിത്തമ്പുരാന്‍.... നീണാള്‍ വാഴട്ടെ.....

മുതലാളിയാണെന്നു സ്വയം മറക്കുന്ന ജനമെന്ന യഥാര്‍ത്ഥ മുതലാളി.

 ആരുടെ മുതലാളിയാണോ ജനം, ആ  ജനത്തെത്തന്നെ   അടിമകളായി കൊണ്ടു നടക്കുക എന്ന വിരോധാഭാസം നമ്മുടെ നാട്ടില്‍ മാത്രമേ കാണൂ...! അത് ഭീഷണി കൊണ്ടായാലും ആയാലും ഉപരോധം ആയാലും, ബന്ദ്‌/ഹര്ത്താല്‍ /പണിമുടക്ക് എന്നൊക്കെ പേരിട്ട എന്തോ ഒക്കെ ആയാലും "ജനം" എന്ന് വിശാലമായി ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്ക്കും വല്ലാത്ത, ഒരു വലിയ ബുദ്ധിമുട്ടാണ്.




എന്താണിത്?  എവിടെയും "സ്വന്തം" പാര്‍ട്ടി!  ജനം കൊടുത്തതല്ലാതെ ഇവരുടെയൊന്നും കയ്യിലൊന്നുമില്ല.  പക്ഷെ ചതിക്കുന്നത് മുഴുവന്‍ ആ "ജനം എന്ന യഥാര്‍ത്ഥ മുതലാളി"യേയും!.




ഉമ്മന്‍ ചാണ്ടിയും വി എസ്സും പിണറായിയും കുഞ്ഞാലിക്കുട്ടിയും മാണിയും ജോസഫും സിന്ധുജോയിയും സെല്‍വരാജും കെ ആര്‍ ഗൌരിയും ജയാഡാലിയും ജയരാജന്മാരും മുരളിമാരും സുധാകരന്മാരും എന്ന് വേണ്ട ഈ കക്ഷിരാഷ്ട്രീയം കൊണ്ടു ജീവിക്കുന്ന എല്ലാവരും ഇതോര്‍ക്കുന്നത് നല്ലതാണ്. പാര്‍ട്ടിയും പൊതുജനവും രണ്ടും രണ്ടാണ്. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക്,   പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം അത് പാര്‍ട്ടിക്കാരല്ലാത്ത മറ്റുള്ളവര്‍ക്കും ഒപ്പം പ്രയോജനകരമായ പ്രവര്‍ത്തി  ആകുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ "രാഷ്ട്രീയക്കാരനാകും" അല്ലാത്തിടത്തോളം  വെറും "പീറ കക്ഷിരാഷ്ട്രീയക്കാരന്‍" മാത്രമാണ്"  അതായത്, നാത്തൂന്‍ കരഞ്ഞു കാണാന്‍ വേണ്ടി ആങ്ങളയ്ക്ക് വിഷം കൊടുത്ത് കൊല്ലുന്ന  പുന്നാരപ്പെങ്ങളുടെ സവിശേഷ സ്വഭാവം പോലെ.




പാര്‍ട്ടിയല്ല, പൊതുജനം. ആശയപരമായി ചേര്‍ന്ന്  നില്ക്കുന്നവരും അതുപോലെതന്നെ എതിര്‍പ്പുള്ളവരും ചേര്‍ന്നതാണ്‌ പൊതുജനം (അതങ്ങനെ തന്നെയാണ്, എല്ലാക്കാലവും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും) എന്ന് സഹിഷ്ണുതയോടെ ചിന്തിക്കാന്‍ നമ്മുടെ ഒരു കക്ഷിരാഷ്ട്രീയ നേതാവും ഇപ്പോഴും തയ്യാറല്ലാത്തത് കൊണ്ടാണ് ഈ ചെളിവാരിയെറിയലും കുതികാലുവെട്ടലും കൊലപാതകങ്ങളും ഒക്കെ....., എല്ലാം തന്‍കാര്യസാധ്യത്തിനായുള്ള, അതിനു മാത്രമായുള്ള അണികളെ ചേര്‍ത്തുനിര്‍ത്താനുള്ള വെറും വികാരപ്രകടനം മാത്രം. ഒരാളെ, അതാരായാലും കൊല്ലാന്‍ മൌനാനുവാദം  കൊടുക്കാന്‍ പോലും തയ്യാറാവുന്ന, അല്ലെങ്കില്‍ കൊലയാളി അതാരു തന്നെ ആയാലും സംരക്ഷിക്കാന്‍ നിയമാനുസൃതമല്ലാത്ത വഴികള്‍ തേടുന്നവര്‍ ആരും "രാഷ്ട്രീയ"ക്കാരല്ല.






കഷ്ടം!  ഇവര്‍ക്കൊക്കെ എങ്ങനെ ഇതിനൊക്കെക്കഴിയുന്നു?  നപുംസകങ്ങള്‍ പോലും ഇങ്ങനെ ഒന്നും ചെയ്യില്ല. അതേയതെ,  ഇവരൊക്കെ ഇങ്ങനെയൊക്കെത്തന്നെ  ഇതൊക്കെ തീര്‍ച്ചയായും ചെയ്യണം.  പ്രതികരിക്കുന്നവനെ ഒരു കൂട്ടം ആദ്യം ചീത്തവിളിക്കും പിന്നെ മാറിനില്ക്കും , പിന്നാലെഒരു ചെറിയ ഇടവേളയ്ക്കു ശേഷം മറുഭാഗം ചീത്തവിളിയും ഭീഷണിയും തുടങ്ങും. പിന്നീട് തരം പോലെ ഉപദ്രവത്തിന്റെ രീതികളിലേയ്ക്ക് ഇരുകൂട്ടരും മാറും.  ഒരു അഭിനവ വാണിയന്‍ വാണിയത്തിക്കളി.  അത്രതന്നെ. 





സാധാരണ ജനം ഇവരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന്  അകലുന്നു എന്ന് കണ്ടാല്‍ വര്ഗ്ഗീ്യം, സാമുദായികം, സാമ്പത്തികം, രാഷ്ട്രീയം എന്ന് വേണ്ട ഏതു നാണയമാണോ  ചില്ലറ വില്പ്പ്നയ്ക്ക് നല്ലത് അതെടുത്തു  ചിലവാക്കും. ഒരു തല്ലും വഴക്കും കുറെ പൊതുമുതല്‍ നശിപ്പിക്കലും വേണ്ടി വന്നാല്‍ ഒന്നോ രണ്ടോ രക്ത സാക്ഷികളെയും സൃഷ്ടിക്കും.  ജനം വീണ്ടും കഴുത്ത വിവാദങ്ങളിലും "കക്ഷി-രാഷ്ട്രീയത്തിന്റെ" കവലപ്രസംഗങ്ങളിലും  പണം വാങ്ങി ഇരുകൂട്ടരെയും നിരത്തി ചര്‍ച്ചകള്‍ നടത്തി രംഗം കൊഴുപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും കൂടെയാകുമ്പോള്‍  പാവം "മുതലാളിയായ ജനം" അത് മറന്നു പോകും.  അടിമയാക്കി തളയ്ക്കുന്നതു വരെ ഈ ഇരുട്ടിന്റെ ശക്തികള്‍ ഒന്നിച്ചു നില്ക്കും  പിന്നാമ്പുറങ്ങളില്‍.  വെളിച്ചം വീഴുമ്പോള്‍ എല്ലാവരും വെവ്വേറെ വേഷത്തില്‍ രക്ഷകന്റെ വേഷമണിഞ്ഞു താന്‍ മുതലാളിയാണെന്ന ഓര്മ്മ് പോലും ഇല്ലാതെ ജനത്തെ അടിമത്വത്തില്‍ നിന്ന് ചവുട്ടടിയിലേക്ക് വീഴിച്ചു കൊണ്ടേയിരിക്കും.  ഇതൊരു തുടര്ക്ക ഥയായി "എപ്പിസോഡു"കളായി  അഥവാ ഉപാഖ്യാനങ്ങളായി  അങ്ങനെ ആവശ്യാനുസരണം അവര്‍ പ്രക്ഷേപണം ചെയ്തു കൊണ്ടേയുമിരിക്കുന്നു. 




പ്രതികരിക്കുക.  ഈ കള്ളനാണയങ്ങളെ തിരിച്ചറിയുക.  യഥാര്ത്ഥ  രാഷ്ട്രീയം മാത്രം നോക്കുക രാഷ്ട്രീയ കക്ഷികളെ അല്ലെങ്കില്‍ പാര്ട്ടി കളെ നോക്കാതെ വ്യക്തിയെ നോക്കി, മത്സരിക്കുന്ന ഓരോ വ്യക്തിയുടെയും  ഗുണം-ദോഷം സമൂഹത്തിനു എന്ത് അയാള്‍ ചെയ്യും, എത്രത്തോളം സത്യസന്ധനും സദ്‌ഗുണ സമ്പന്നനും സഹായിയും നിഷ്പക്ഷനും ആണ് എന്നത് നോക്കി മാത്രം പ്രതിനിധിയെ തിരഞ്ഞെടുക്കുക.




വിചാരിക്കുന്നതിലും ഒരുപാടു, ഒരുപാടൊരുപാടു ബുദ്ധിമുട്ടുള്ളതാണെങ്കിലും അതുമാത്രമാണോ  ഇനിയീ കക്ഷിരാഷ്ട്രീയക്കൂട്ടങ്ങളിലെ ചതിയന്മാരെ തിരിച്ചറിയാനുള്ള ഏക വഴി? ആവോ ആര്ക്ക്റിയാം....!

- ജേക്കബ് കോയിപ്പള്ളി.



ആരാണ് ഞാന്‍?   -- ഒരു സാദാ മലയാളി. മലയാളത്തെയും മലയാണ്മയെയും വല്ലാതെ സ്നേഹിക്കുന്ന, നാടന്‍ ജീവിതം ധാരാളം ഇഷ്ടപ്പെടുന്ന, സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന, ദേഷ്യം അതിരുകടന്നു പ്രകടിപ്പിക്കുന്ന, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ പോയി അനാവശ്യ വെറുപ്പ്‌ വിലയ്ക്ക് വാങ്ങുന്ന, കക്ഷിരാഷ്ട്രീയ കുതിരക്കച്ചവടങ്ങളും സ്വാര്‍ത്ഥതയും വെറുക്കുന്ന വെറും സാധാരണക്കാരനായ ഒരു സാദാ മലയാളി. ചുരുക്കിപ്പറഞ്ഞാല്‍, അതാണ്‌, അതാണു ഞാന്‍, ജേക്കബ് കോയിപ്പള്ളി.